ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം തുടങ്ങി മൊത്തം മികവില്‍ തിളങ്ങി നില്‍ക്കുന്നത് ഡല്‍ഹി പോലീസ് ആണ്. ഒന്നാം സ്ഥാനം ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. ആള്‍ബലത്തില്‍ ഡല്‍ഹി പോലീസിനൊപ്പം കട്ടയ്ക്ക് നില്ക്കുന്ന കേരളാ പോലീസ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയപ്പോഴാണ്.
മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 1.03 ആണ് ഡല്‍ഹിയുടെ ഇന്‍ഡക്സ് പോയിന്റെങ്കില്‍ കേരളത്തിന് 0.89. ബജറ്റ് വിഹിതത്തില്‍ പക്ഷേ, കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയ്ക്കും പിന്നിലാണ്. ലോക്നീതി സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയാറാക്കിയ രാജ്യത്തെ പോലീസിങ് റിപ്പോര്‍ട്ടിലാണ് (2019) നിരീക്ഷണം. 2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്ത 24 പോലീസ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്.
ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായാണ് വയര്‍ലെസ് ഇല്ലാത്ത 24 സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്. ഇത്തരം സൗകര്യങ്ങളില്‍ മുന്നിലുള്ള കേരളത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ ശരാശരി ആറ് കംപ്യൂട്ടറെങ്കിലുമുണ്ടെന്നും പഠനം പറയുന്നു. പല സ്റ്റേഷനുകളിലും ഇതു 10 വരെ ഉണ്ടെന്നാണ് വിവരം. സ്വന്തമായി വാഹനമില്ലാത്ത പോലീസ് സ്റ്റേഷനുകളും രാജ്യത്തുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലാണ് വാഹനമില്ലാത്ത പോലീസ് സ്റ്റേഷനുകള്‍ ഉള്ളത്. ഇക്കാര്യത്തിലും കേരളം ഒരു പടി മുകളില്‍ നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post