ന്യൂഡല്‍ഹി; ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനും ജമ്മു ഭരണകൂടം വീട്ട് തടങ്കലിലാക്കിയ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുമതി നല്കി സുപ്രീംകോടതി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
തരിഗാമിയെ കാണാനായി കാശ്മീരില്‍ എത്തിയ സീതാറാം യെച്ചൂരിയെ, തരിഗാമിയെ കാണാന്‍ അനുവദിക്കാതെ ഭരണകൂടം തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് നല്‍കിയത്.
താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. താരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദ്യേശത്തോടെ ആകരുത്. രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്നും എന്ന് കോടതി വ്യക്തമാക്കി.
താരിഗാമിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചാണ് യെച്ചൂരിയുടെ സന്ദര്‍ശനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ തള്ളിയ കോടതി യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു. ശ്രീനഗര്‍ എസ്പിക്കാണ് യെച്ചൂരിയുടെ സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നത്.
Discussion about this post