മോസ്‌കോ: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്യാനില്‍ പങ്കെടുക്കുന്ന ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനം റഷ്യ നല്‍കും. പരിശീലനത്തിനായി നവംബര്‍ മാസത്തോടെ നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ റഷ്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ 2022 ഓടെയാണ് ഗഗന്യാന്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള പരിശീലനമാണ് റഷ്യ സഞ്ചാരികള്‍ക്കായി നല്‍കുക. യൂറി ഗഗാറിന് കോസ്മനോട്ട് ട്രെയിനിങ് കേന്ദ്രത്തില്‍ 15 മാസമായിരിക്കും ഇവര്‍ക്ക് പരിശീലനം ലഭിക്കുക. ശേഷം ആറു മുതല്‍ എട്ടുമാസം വരെ ഇന്ത്യയിലും പരിശീലനം നല്കും.
ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാരില്‍ റഷ്യയുടെ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ഉപസ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസുമായി ഐഎസ്ആര്‍ഒ ഒപ്പുവെച്ചു. ബഹിരാകാശ ദൗത്യമായ ഗഗന്യാനിലെ വര്‍ധിച്ചുവരുന്ന ഇന്ത്യ-റഷ്യ സഹകരണം പരിഗണിച്ച് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ഐഎസ്ആര്‍ഒയുടെ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചേക്കും.
Discussion about this post