ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചു.
കേരളത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് വയനാടിനെ ആണെന്നും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലും ദേശീയപാത അടക്കം തകര്‍ന്നുവെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യം പരിഗണിച്ച് തന്റെ മണ്ഡലത്തിലെ റോഡിന്റെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
നവീകരണം ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രാഹുല്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇവിടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തേ ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി കത്ത് അയച്ചിരുന്നു. അതേസമയം ഇന്ന് വീണ്ടും രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.