ഒടുവിൽ റിസർവ് ബാങ്ക് കീഴടങ്ങുന്നു; കരുതൽ ധനശേഖരത്തിൽ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും

തർക്കം പരിഹരിക്കുന്നതിന് ആർബിഐ യോഗം ചേർന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത്.

മുംബൈ: ഏരെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിനു മുന്നിൽ മുട്ടുമടക്കുന്നു.ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാൻ തീരുമാനിച്ചു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾക്കിടെയാണ് നിർണായക നീക്കവുമായി ആർബിഐ രംഗത്തെത്തിയിരിക്കുന്നത്. ബിമൽ ജെലാൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് ആർബിഐ നടപടി.

മുഴുവൻ തുകയും ഒറ്റയടിക്ക് കൈമാറാതെ ഘട്ടങ്ങളായാണ് നൽകുക. നേരത്തെ കേന്ദ്രസർക്കാരുമായി ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേൽ കരുതൽ ധനം കൈമാറുന്നതിനെ സംബന്ധിച്ച് കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഊർജിത് പാട്ടേലിന്റെ രാജിയിലേക്ക് പോലും കേന്ദ്രത്തിന്റെ ഈ ആവശ്യം നയിച്ചിരുന്നു. രണ്ട് വർഷമായി സർക്കാരും ആർബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ വാക് തർക്കം തന്നെയാണ് നിലനിന്നിരുന്നത്. കരുതൽ ധനശേഖരത്തിൽ നിന്ന് പണമെടുത്ത് ധനക്കമ്മി കുറയ്ക്കാൻ ഉപയോഗിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

കരുതൽ ധനശേഖരം കേന്ദ്രസർക്കാരിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് ആർബിഐ യോഗം ചേർന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പുതിയ നീക്കം.

Exit mobile version