ന്യൂഡൽഹി: ടിക്കറ്റില്ലാതെ ആളുകൾ യാത്ര ചെയ്യുന്നത് തടയാൻ പിഴ കർശ്ശനമാക്കി ഇന്ത്യൻ റെയിൽവേ. മൂന്ന് വർഷത്തിനിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നായി പിഴയിനത്തിൽ റെയിൽവേ ഈടാക്കിയത് 1377 കോടിയെന്ന് വിവരാവകാശ രേഖ. 2016 നും 2019 നും ഇടയിലെ പിഴത്തുക മാത്രമാണിത്.
നേരത്തെ, 2018ൽ യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മൂലം റെയിൽവേയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നതായി പാർലമെന്റ് റെയിൽവെ കൺവൻഷൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റി 2016-17 കാലത്തെ കണക്കുകളാണ് അന്ന് പരിശോധിച്ചത്. ഇതിനുപിന്നാലെ സോണൽ ഓഫീസുകൾക്ക് ടിക്കറ്റില്ലാതെയുള്ള യാത്രക്കാരെ കണ്ടെത്തി പിഴയടപ്പിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയിരുന്നു.
മധ്യപ്രദേശിൽ നിന്നുള്ള വ്യക്തിയാണ് വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടത്. 2016-17 ൽ 405.30 കോടിയും 2017-18 ൽ 441.62 കോടിയും 2018-19 ൽ 530.06 കോടി രൂപയുമാണ് പിഴയായി കിട്ടിയത്. 89 ലക്ഷം യാത്രക്കാരെ ഈ കാലയളവിൽ ടിക്കറ്റില്ലാതെ പിടികൂടി. ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപയാണ് ടിക്കറ്റില്ലാത്ത ആളിൽ നിന്ന് ശരാശരി ഈടാക്കിയത്.