അഹമ്മദാബാദ്: ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഇപ്പോൾ കഷ്ടകാലമാണ്. കള്ളത്തരങ്ങളും വെട്ടിപ്പും പൊള്ളയായ സേവന മികവുമെല്ലാം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുകയാണ് ഓരോന്നായി. ഏറ്റവും ഒടുവിലായി ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ഓർഡർ ചെയ്ത് ലഭിച്ച ഭക്ഷണത്തിൽ നിന്നും ജീവനുള്ള പുഴുവിനെ ലഭിച്ച വാർത്തയാണ് പുറത്തവന്നിരിക്കുന്നത്. അഹമ്മദാബാദിലെ ഡബിൾ ട്രീ ബൈ ഹിൽട്ടൺ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും പുഴു ഇഴഞ്ഞു പോവുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് ബോളിവുഡ് നടി മീരാ ചോപ്രയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും വലിയ വില കൊടുത്തിട്ട് പുഴുവിനെ തിന്നേണ്ട അവസ്ഥയാണുള്ളതെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മീരാ ചോപ്ര പറയുന്നു. നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്ത് കൊണ്ടാണ് മീരാ ചോപ്രയുടെ പോസ്റ്റ്.
നേരത്തെ, മുംബൈയിലെ ഫോർ സീസൺ ഹോട്ടലിൽ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയതും ചണ്ഡീഗഢിലെ ജെഡബ്ല്യുയു മാരിയറ്റ് ഹോട്ടലിൽ നടൻ രാഹുൽ ബോസിനോട് രണ്ടു വാഴപ്പഴത്തിന് 400 രൂപ ഈടാക്കിയതും സോഷ്യൽമീഡിയയിലൂടെ തന്നെ വലിയ വാർത്തയായിരുന്നു.
Discussion about this post