വാഷിങ്ടൺ: കാശ്മീർ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി മോഡി. കാശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നരേന്ദ്ര മോഡി ആവർത്തിച്ചു. ജി-7 ഉച്ചകോടിയിൽ മോഡി ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യയുടെ കാലങ്ങളായുള്ള ബാഹ്യ ഇടപെടൽ ആവശ്യമില്ലെന്ന നിലപാട് മോഡി ആവർത്തിച്ചത്.
മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ കാശ്മീർ വിഷയം ചർച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് മോഡി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം.
പാകിസ്താനുമായി ഇന്ത്യ സംസാരിക്കും. ശുഭകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും തങ്ങൾക്കിടയിൽ തന്നെയുള്ള ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. അതിനാൽ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മോഡി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണ് മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മോഡി കൂട്ടിച്ചേർത്തു.
Discussion about this post