ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബിജെപിക്കും ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്ന് മായാവതി ആരോപിച്ചു.
കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്നം വഷളാക്കുമെന്നും മായാവതി പറഞ്ഞു. വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാറിന് അവസരം നല്‍കണമെന്നും മായാവതി അഭിപ്രായപ്പെട്ടു. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ജമ്മുകാശ്മീര്‍ ഭരണകൂടം ഇന്നലെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല.
രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര് അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്.