ന്യൂഡല്‍ഹി: സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു. ഇക്കാര്യം മന്‍മോഹന്‍ സിങിനെ രേഖാമൂലം അറിയിച്ചിട്ടില്ല. എന്നാല്‍ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍ സിങിനോട് ഇക്കാര്യം വാക്കാല്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
വിവിഐപികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സംരക്ഷണം ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്പിജി സുരക്ഷയുള്ളത്.
ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്നുമാസത്തെ സുരക്ഷാ വിലയിരുത്തലിന്റെയും, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി, അടക്കമുള്ളവ നല്‍കിയ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് മുന്‍പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് അപലപിച്ചിട്ടുണ്ട്.