ന്യൂഡൽഹി: ഇനി മുതൽ ബിഐഎസ് ഹാൾമാർക്ക് മുദ്ര ഇല്ലാത്ത സ്വർണ്ണങ്ങളുമായി സ്വർണ്ണക്കടക്കാർ വിൽപ്പനയ്ക്കായി ഓടേണ്ട, കേന്ദ്ര സർക്കാർ നിയന്ത്രണം കർശ്ശനമാക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് വിൽക്കുന്ന സ്വർണാഭരണങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഴ്സിന്റെ ഹാൾമാർക്കിങ് ഉണ്ടെങ്കിൽ മാത്രം സ്വർണ്ണ വിൽപ്പനയും വാങ്ങിക്കലും സാധ്യമാകൂ. തീരുമാനം പ്രാവർത്തികമാകുന്നതോടെ രാജ്യത്ത് സ്വർണ്ണം വിൽക്കണമെങ്കിൽ ബിഐഎസ് മുദ്ര വേണം. ഇതോടെ ജ്വല്ലറികൾക്കാണ് പണി പാളാൻ പോകുന്നത്. നിലവിൽ 10 ശതമാനം ജ്വല്ലറികൾ മാത്രമാണ് ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്.
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വർണാഭരണങ്ങളിൽ 50 ശതമാനവും ബിഐഎസ് മുദ്രണം ഇല്ലാതെയാണ് വിൽക്കുന്നതെന്നാണ് കണക്കുകൾ. 2,70,000 ത്തോളം ജ്വല്ലറി സ്ഥാപനങ്ങൾ ഇപ്പോഴും ബിഐഎസിനോട് മുഖം തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 44.9 മില്യൺ സ്വർണ്ണാഭരണങ്ങളിൽ മാത്രമാണ് ബിഐഎസ് ഹാൾമാർക്കിങ് നടത്തിയിട്ടുളളത്. ഇവയുടെ ഭാരം ഏതാണ്ട് 450 മുതൽ 500 ടണ്ണോളം വരും. സ്വർണ്ണവിൽപ്പനയിലും ഇറക്കുമതിയിലും ഇടിവ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഹാൾമാർക്കിങിൽ കുറവ് ഉണ്ടായെന്നാണ് സൂചന.
Discussion about this post