ന്യൂഡൽഹി: അന്വേഷണ സംഘത്തോട് സഹകരിക്കാതെ ഐഎൻഎക്സ് മീഡിയാ കേസിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും മൗനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ സിബിഐ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതോടെ അതിനാടകീയമായാണ് സിബിഐ ചിദംബരത്തെ വീട്ടിൽ നിന്നും പിടികൂടിയത്. ബുധനാഴ്ച രാത്രി സിബിഐ ഉദ്യോഗസ്ഥർ മതിൽ ചാടിക്കടനന്നാണ് ജോർബാഗിലെ വസതിയിൽനിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം, കോടതി അനുവദിച്ച ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ചോദ്യം ചെയ്യുന്നതിനായി തുടർന്നും കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയിൽ ആവശ്യപ്പെടാനാണ് സാധ്യത. നിലവിൽ ഓഗസ്റ്റ് 26 വരെ ചിദംബരത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ്് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post