‘ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരമാണ്,നിങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു’; ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരമാണെന്നും അദ്ദേഹത്തിന് രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്നുവെന്നുമാണ് സോണിയ ജെയ്റ്റ്‌ലിയുടെ ഭാര്യയ്ക്ക് അയച്ച കത്തില്‍ കുറിച്ചത്.

‘ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന് ഈ രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ഈ ദുഃഖാര്‍ദ്രമായ സമയത്ത് വാക്കുകള്‍ അല്‍പ്പം സാന്ത്വനമാകും, പക്ഷേ എനിക്ക് നിങ്ങളെും മകനെയും നിങ്ങളുടെ മകളെയും അറിയിക്കാനുള്ളത് ഞാന്‍ നിങ്ങളുടെ വേദന പങ്കുവയ്ക്കുന്നുവെന്നാണ്. അരുണ്‍ ജിക്ക് നിത്യശാന്തി ലഭിക്കട്ടേ’ എന്നാണ് സോണിയ ഗാന്ധി കത്തില്‍ കുറിച്ചത്.

ഇന്നലെ 12.30 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം പത്തരയോടെ ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ടുമണിവരെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്കുശേഷം നിഗംബോധ്ഘട്ടിലാണ് സംസ്‌കാരം നടത്തുക.

Exit mobile version