ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നു മനസിലായെന്ന് രാഹുല്‍ ഗാന്ധി. കാശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.
കാശ്മീരിലെ ജനങ്ങളെ കാണണമെന്നും അവിടുത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് താനുള്‍പ്പെട്ട നേതാക്കള്‍ കാശ്മീരിലെത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്- രാഹുല്‍ പറഞ്ഞു.
തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമ സംഘത്തിനെതിരെ കൈയ്യേറ്റം ശ്രമമുണ്ടായി. മാധ്യമ സംഘത്തിനെ അടിക്കുന്ന അവസ്ഥവരെ ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു. മുന്‍പ് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടേയ്ക്ക് പോയതെന്നും രാഹുല്‍ വ്യക്തമാക്കി.
പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല.
രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര് അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്.
കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ നേതാക്കളുടെ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്ന് അറിയിച്ചാണ് നേതാക്കളെ ജമ്മു കാശ്മീര്‍ ഭരണകൂടം തിരിച്ചയച്ചത്. ഭീഷണി നേരിടുന്ന മനുഷ്യരുടെ ജീവന് നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post