ഹൈദരാബാദ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷം റിട്ടയര്‍മെന്റായി ലഭിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന് പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു. തെലങ്കാനയിലാണ് ദാരുണ സംഭവം. വാട്ടര്‍വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റിലാണ് കൊല്ലപ്പെട്ട കൃഷ്ണ ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹം റിട്ടയര്‍ ചെയ്തത്. റിട്ടയര്‍മെന്റ് ഫണ്ടായി ആറ് ലക്ഷം രൂപയാണ് കൃഷ്ണയ്ക്ക് ലഭിച്ചത്.
കൂടാതെ തന്റെ പേരിലുള്ള ഭൂമി വില്പന നടത്തിയതിന്റെ 10 ലക്ഷവും കൈവശം ഉണ്ടായിരുന്നു. കൃഷ്ണയ്ക്ക് തരുണ്‍ അടക്കം മൂന്ന് മക്കളാണ്. ഈ പണം മൂന്ന് മക്കള്‍ക്ക് കൂടി വീതിച്ച് നല്‍കണമെന്ന് മകന് തരുണ്‍ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ തന്റെ കൈവശം സൂക്ഷിച്ച് ബാക്കി തുക മൂന്ന് മക്കള്‍ക്കുമായി ഇയാള്‍ വീതിച്ച് നല്കി. എന്നാല്‍ ബാക്കി തുക കൂടി നല്കാന് മക്കള്‍ നിര്‍ബന്ധിച്ചെങ്കിലും കൃഷ്ണ വഴങ്ങിയില്ല.
തുടര്‍ന്ന് തരുണ്‍ ഇരുമ്പ് ദണ്ഡുകൊണ്ട് കൃഷ്ണയെ ആക്രമിക്കുകയായിരുന്നു. സഹോദരിമാരുടെ പിന്തുണയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബോധാവസ്ഥയിലായ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. കൃഷ്ണയുടെ മൂന്ന് മക്കളും ഇപ്പോള്‍ കസ്റ്റഡിയിലാണ്.
Discussion about this post