ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66)യുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അരുണ്‍ ജെയ്റ്റലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ മാസം ഒമ്പത് മുതലാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.