ലഖ്നൗ: കഴിഞ്ഞ 26 വര്‍ഷമായി ഓഫീസ് സ്വന്തമായി തന്നെ വൃത്തിയാക്കി സഹപ്രവര്‍ത്തകര്‍ക്കും മാതൃകയാവുന്ന കളക്ടര്‍ അജയ് ശങ്കര്‍ പാണ്ഡേയുടെ ഈ യഞ്ജത്തിനു പിന്നില്‍ ഒരു കഥയുണ്ട്. 1993 ല്‍ നടന്ന ഒരു തൊഴിലാളി സമരത്തിന്റെ കഥ. അജയ് പാണ്ഡേ ആഗ്രയിലെ എഡ്മഡ്പൂരില്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയിരിക്കുമ്പോഴാണ് ശുചിത്വ തൊഴിലാളികള്‍ സമരം തുടങ്ങുന്നത്. സമരം അവസാനിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. എന്നാല്‍ തൊഴിലാളികള്‍ വഴങ്ങാന്‍ തയ്യാറായിരുന്നില്ല. അതേസമയം വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരനാണ് അദ്ദേഹം. തൊഴിലാളികളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കണ്ടതോടെ ചൂലെടുത്ത് അദ്ദേഹം തന്നെ ശുചീകരണത്തിന് ഇറങ്ങുകയായിരുന്നു.
ഓഫീസും പരിസരവും മുറികളും കളക്ടര്‍ തനിയെ തൂക്കാന്‍ ആരംഭിച്ചു. മേലധികാരി വൃത്തിയാക്കാന്‍ ഇറങ്ങിയതോടെ ജീവനക്കാരും ഒപ്പം കൂടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനക്കാരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും കൂടിയെത്തി. ഇതോടെ അതൊരു ശുചിത്വ യജ്ഞമായി മാറി. അങ്ങനെ ദിവസങ്ങളോളം മാലിന്യം എടുക്കാതെ വൃത്തിരഹിതമായി കിടന്നയിടങ്ങളെല്ലാം അവര്‍ വൃത്തിയാക്കി. മൂന്നു നാലു ദിവസം ഇതു തുടര്‍ന്നു. നഗരത്തിലെ പൗരന്മാര് സ്വയം വൃത്തിയാക്കാന്‍ തുടങ്ങിയതോടെ ശുചിത്വ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയായി.
അങ്ങനെ സമരം അവസാനിപ്പിച്ച് അവര്‍ മടങ്ങിയെത്തി. എന്നാല്‍ അപ്പോഴും അദ്ദേഹം ചൂല് താഴെ വെയ്ക്കാന്‍ തയ്യാറായിരുന്നില്ല. ആ സംഭവം അജയ് ശങ്കറിന് വല്ലാത്ത പ്രചോദനമായി. അങ്ങനെയാണ് ഓഫീസ് വൃത്തിയാക്കുന്ന ദിനചര്യ അദ്ദേഹം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഓഫീസിനു പുറത്ത് എപ്പോഴും ഒരു ചൂലും വൈപ്പറും വലിയ ചവറ്റു കുട്ടയും കാണാം. അതിനൊപ്പം ഒരു ബോര്‍ഡും അദ്ദേഹം സ്ഥാപിച്ചു. അതില്‍ ഇങ്ങനെ എഴുതി. ‘ ഞാന്‍ ഇന്ന് ഈ ഓഫീസ് സ്വയം വൃത്തിയാക്കി. ഓഫീസു പരിസരത്തു ചവറിട്ടു ദയവായി എന്റെ ജോലി വര്‍ധിപ്പിക്കരുത്.
വൃത്തിയാക്കുന്ന പണി നമുക്കു വേണ്ടി മറ്റുള്ള ആരെങ്കിലും ചെയ്യണമെന്നാണ് ഇന്ത്യയില്‍ നാം വിചാരിക്കാറുള്ളതെന്നും, ഈ മനോഭാവം മാറേണ്ടതാണെന്നും അജയ് പറയുന്നു. ഓഫീസ് വൃത്തിയാക്കാന്‍ ഇദ്ദേഹം സ്വയം തയ്യാറായി ഇറങ്ങുമെങ്കിലും സഹപ്രവര്‍ത്തകരെ ഒരിക്കലും ഇതിനായി നിര്‍ബന്ധിക്കാറില്ല. പക്ഷേ, പലരും തന്നില്‍ നിന്ന് പ്രചോദിതരായി സ്വയം വൃത്തിയാക്കാന്‍ തുടങ്ങാറുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എല്ലാ ദിവസവും ഓഫീസില്‍ 10 മിനിട്ടു നേരത്തെ എത്തിയാണ് കളക്ടറുടെ ഈ ശുചീകരണപ്രവര്‍ത്തനം. ഈ തീരുമാനത്തിന് വിലയ പിന്തുണകളും സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്.
Discussion about this post