ശശി തരൂര്‍ പ്രധാനമന്ത്രിയെ ‘floccinaucinihilipilification’ എന്ന് പറഞ്ഞു; അര്‍ത്ഥം അന്വേഷിച്ച് സോഷ്യല്‍ മീഡിയ

തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന പല വാക്കുകളുടെയും അര്‍ത്ഥം അറിയാന്‍ ഇംഗ്ലീഷ് ഭാഷ നന്നായി അറിയുന്നവര്‍ പോലും കഷ്ടപ്പെടാറാണ് പതിവ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ശശി തരൂര്‍ എംപി എന്നും മുന്‍പന്തിയിലാണ്. തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന പല വാക്കുകളുടെയും അര്‍ത്ഥം അറിയാന്‍ ഇംഗ്ലീഷ് ഭാഷ നന്നായി അറിയുന്നവര്‍ പോലും കഷ്ടപ്പെടാറാണ് പതിവ്. എല്ലാവരെയും വലിയ രീതിയില്‍ കുഴപ്പിക്കുന്ന പുതിയ വാക്കുമായി ശശി തരൂര്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 29 അക്ഷരങ്ങളുള്ള ‘floccinaucinihilipilification’ എന്ന വാക്കാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വീറ്ററില്‍ ശ്രദ്ധനേടിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് ശശി തരൂര്‍ പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ വാക്കുപയോഗിച്ചിരിക്കുന്നത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് തന്റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് തരൂരിന്റെ ട്വീറ്റ്.

അലെഫ് ബുക്ക് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വര്‍ഷങ്ങളും അസാധാരണമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുവെന്നാണ് പ്രസാധകര്‍ പറയുന്നത്. പുസ്തകത്തിന്റെ പ്രീഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് ആമസോണ്‍ ആണ്.

Exit mobile version