ന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഡൽഹിയിലേയും മുംബൈയിലേയും വസതികളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
2014 ൽ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഇത്തിഹാദ് ഓഹരികൾ ഏറ്റെടുത്തപ്പോൾ വിദേശ വിനിമയ ചട്ട (എഫ്ഡിഐ) ലംഘനം നടന്നെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയതും തുടർ നടപടികളെടുത്തതും.
ഈ വർഷമാദ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേയ്‌സ് അനിശ്ചിതകാലത്തേക്ക് പ്രവർത്തനം നിർത്തിവെയ്ക്കുകയും ആയിരക്കണക്കിന് ജീവനക്കാർക്ക് ഇതിലൂടെ തൊഴിൽ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ഈ വർഷം മാർച്ചിലാണ് ഡയറക്ടർ ബോർഡിൽ നിന്നും ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവെച്ചത്. ഇത്തിഹാദ് എയർവേസിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു ജെറ്റ് എയർവേസ്. 1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേർന്ന് ജെറ്റ് എയർവേസ് വിമാനക്കമ്പനി ആരംഭിക്കുന്നത്. നേരത്തെ, നരേഷ് ഗോയലിന് വിദേശത്തേക്കു പോകാനുള്ള അനുമതി കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി നിഷേധിച്ചിരുന്നു.
Discussion about this post