ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജന്‍സ്, സംഘത്തില്‍ തൃശ്ശൂര്‍ സ്വദേശിയും, അതീവ ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്

കോയമ്പത്തൂര്‍: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്. ശ്രീലങ്ക വഴിയാണ് ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പാക്കിസ്ഥാന്‍ സ്വദേശി ഉള്‍പ്പെടെയുള്ള സംഘമാണ് തമിഴ്‌നാട് കോയമ്പത്തൂരില്‍ എത്തിയതെന്നാണ് ഇന്റലിജന്‍സ് നല്‍ക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ കോയമ്പത്തൂരും ചെന്നൈയിലും പോലീസ് പട്രോളിങ് ശക്തമാക്കിട്ടുണ്ടെന്ന് ചെന്നൈ പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

അതേസമയം അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തണം. റെയില്‍ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആളുകൂടുന്ന സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിരിക്കുന്നത്.

Exit mobile version