നരേന്ദ്ര മോഡിയുടെ ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ഇന്ന് രാത്രിയോടെ നരേന്ദ്ര മോഡി അബുദാബിയിലെത്തും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള മോഡിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. കൂടാതെ കാശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചത് പാകാസ്താന് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ഇന്ന് രാത്രിയോടെ നരേന്ദ്ര മോഡി അബുദാബിയിലെത്തും. രാവിലെയോടെ യുഎഇ സന്ദര്‍ശിക്കും. തുടര്‍ന്ന് മോഡി ബഹ്‌റൈനും സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ നിന്നും രാത്രിയോടെ അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ശനിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. തുടര്‍ന്ന് യുഎഇ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോഡി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയെന്ന നിലയില്‍ മൂന്നാം തവണയാണ് മോഡി യുഎഇ സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ബഹ്‌റൈനിലെത്തുന്ന പ്രധാനമന്ത്രി മനാമയില്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ശേഷം ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി മോഡി ചര്‍ച്ച നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ശേഷം മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ മോഡി ഉദ്ഘാടനം ചെയ്യും.

Exit mobile version