ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചു. കുടിശ്ശിക അടച്ചുതീര്‍ക്കാത്തതിനാലാണ് കടുത്ത നടപടി.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്. കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്.
അതിനിടെ, എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരുന്നുവെന്നും എണ്ണക്കമ്പനികളുടെ നിലപാട് സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എയര്‍ഇന്ത്യയുടെ സാമ്പത്തികനില ഈ സാമ്പത്തിക വര്‍ഷത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും എയര്‍ഇന്ത്യ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.