ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ചവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം പറഞ്ഞു. കോടതിയില്‍ തന്റെ ഭാഗം പറയാന്‍ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ഇന്നുരാവിലെ പതിനൊന്നുമണിവരെ ചിദംബരത്തെ ചോദ്യം ചെയ്തില്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയതെന്ന് സിബിഐ പറയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ഒന്നരവര്‍ഷം പഴക്കമുള്ളതാണെന്ന് ചിദംബരത്തിനുവേണ്ടി അഭിഷേക് സിങ്വിയും വാദിച്ചു.
ഇതേ കേസില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്, കുറ്റപത്രത്തിന്റെ കരട് തയാറായെങ്കില്‍ കസ്റ്റഡി എന്തിന്?, കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല, കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തത് 3 മണിക്കൂര്‍ മാത്രം, തുടങ്ങിയ വാദങ്ങള്‍ സിബല്‍ ഉന്നയിച്ചു. പി ചിദംബരവും കോടതിയില്‍ വാദിച്ചു. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളില്‍ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റില്‍ തന്നോടു ചോദിച്ചതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post