ന്യൂഡല്‍ഹി; ഡല്‍ഹി തുഗ്ലക്കാബാദിലെ ദലിതര്‍ ആരാധിക്കുന്ന ഗുരു രവിദാസ് മന്ദിര്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധം കത്തുന്നു. ബുധനാഴ്ച ജന്തര്‍മന്ദറില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രക്ഷോഭകര്‍ ഡല്‍ഹിയിലെത്തി. 26ഓളം ദലിത് സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
നവംബര്‍ 26 നുള്ളില്‍ രവിദാസ് ക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സമരം അവസാനിച്ചത്. സമരത്തിന് ശേഷവും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധത്തെ തുടര്‍ന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള 90 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് നേരെ പോലീസ് വെടിവച്ചെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നവരോടാണ് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആള് ഇന്ത്യ അംബേദ്കര്‍ മഹാസഭ പ്രസിഡന്റ് രാകേഷ് ബഹാദുര്‍ വ്യക്തമാക്കി. ദലിതരുടെ കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതെന്നും രാകേഷ് ബഹാദുര്‍ ചോദിച്ചു.
സുപ്രീംകോടതിയുടെ നടപടിക്കെതിരെയും ദലിത് ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നു. ശബരിമലയും തിരുപ്പതിയും ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ആശ്രമവും മല്ലികാര്‍ജുന ജ്യോതിര്‍ ലിംഗവും വനഭൂമിയിലാണെന്നും. ഇതേ നിയമമാണെങ്കില്‍ ഈ ക്ഷേത്രങ്ങളും പൊളിച്ചുനീക്കണമെന്നും ആന്ധ്രപ്രദേശിലെ ദലിത് ആക്ടിവിസ്റ്റ് ബിനോയ് കൊറിവി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 10ന് രവിദാസ് ക്ഷേത്രം ഡല്‍ഹി വികസന അതോറിറ്റി തകര്‍ത്തത്. ക്ഷേത്രം സംരക്ഷിത ഭൂമിയിലാണ് നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.