ന്യൂഡല്‍ഹി: ലേകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കെന്ന് ബിബിസി റിപ്പോര്‍ട്ട്. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശമാണെന്ന് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ നിര്‍മ്മിതിക്ക് വേണ്ടി യാതൊരു പരിശോധനയ്ക്കും നില്‍ക്കാതെ ദേശീയതാ വാദങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യാക്കാര്‍ പങ്കുവയ്ക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്കൊപ്പം കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും സര്‍വ്വെ നടത്തിയിരുന്നു. സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നായിരുന്നു അന്വേഷണം നടത്തിയത്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജവാര്‍ത്തകളാണ് സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാരണമായി കണ്ടെത്തിയിരുന്നത്. സര്‍വെയില്‍ പങ്കെടുത്തവര്‍ അവരുടെ ഫോണുകളിലെ ഉള്ളടക്കം പരിശോധിക്കാന്‍ ഒരാഴ്ചത്തേക്ക് ബിബിസിക്ക് അനുമതി നല്‍കിയിരുന്നു. ഏത് തരത്തിലുള്ളവയാണ് ഷെയര്‍ ചെയ്യുന്നതെന്നും ആര്‍ക്കാണ് ഷെയര്‍ ചെയ്യുന്നതെന്നുമൊക്കെ ഇങ്ങനെ പരിശോധിക്കാന്‍ കഴിഞ്ഞു.
ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ നെറ്റ് വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്കുന്ന വ്യാജ വാര്‍ത്തകള്‍ കൃത്യമായി പ്രചരിപ്പിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്വര്ക്കുകള് ദുര്‍ബലമാണെന്നും സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് നടത്തിയ വിശകലനം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ അടക്കമുളള സാമൂഹ്യ മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകളുടെ ഉറവിടം. ദേശീയ നിര്‍മ്മിതിക്ക് വേണ്ടി ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് ഇന്ന് വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നുവെന്നും ബിബിസി വേള്‍ഡ് സര്‍വീസ് ഗ്രൂപ്പ് മേധാവി ജാമി അന്‍ഗസ് പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടത് തങ്ങളുടെ ധര്‍മമാണെന്നാണ് ഇന്ത്യാക്കാരുടെ ചിന്ത. വസ്തുതാ പരിശോധനകളില്ലാതെ ഹിന്ദുത്വ വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കപ്പെടുന്നു. 16,000 ട്വിറ്റര്‍ പ്രൊഫൈലുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എഴുതിയ ലേഖനങ്ങളല്ല ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളായി പ്രചരിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രങ്ങളും മറ്റുമായാണ് ഇവ പങ്ക് വയ്ക്കപ്പെടുന്നത്.
Discussion about this post