കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ കണ്ണുകളില്ലെന്ന് പരാതി. ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൃതദേഹത്തിന്റെ കണ്ണുകളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഞായറാഴ്ചയാണ് 69കാരനായ ശംഭുനാഥ് മരിച്ചത്. റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ ശംഭുനാഥിനെ ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മക്കള്‍ക്ക് മൃതദേഹം വിട്ട് നല്കി. വിട്ടുനല്‍കിയ മൃതദേഹത്തില്‍ കണ്ണുകള്‍ കാണാനില്ലെന്ന് മക്കള്‍ കണ്ടെത്തുകയായിരുന്നു.
ഈ വിവരം ആശുപത്രിയിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും എലി തിന്നു എന്നായിരുന്നു മറുപടിയെന്ന് മകന് സുശാന്ത പറഞ്ഞു. അതെസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post