ന്യൂഡല്‍ഹി: സിഖ് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരെ പരാതി നല്കി ഡല്‍ഹി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗ. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസായ ‘സേക്രഡ് ഗെയിംസി’ല്‍ സിഖ് മതത്തോട് അനാദരവ് കാണിച്ചുവെന്നാണ് ബിജെപി വക്താവ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘സിഖ് മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ‘സേക്രഡ് ഗെയിംസി’ലെ ഒരു രംഗത്തില്‍ സെയ്ഫ് അലി ഖാന് അവതരിപ്പിക്കുന്ന സിഖ് കഥാപാത്രം താന്‍ ധരിച്ചിരിക്കുന്ന കാര ഊരിയെറിയുന്നുണ്ട്. ഇത് സിഖ് മതത്തോടുള്ള അനാദരവാണ്’ എന്നാണ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ അനുരാഗ് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിഖ് മതവിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി പിന്തുടരുന്ന അഞ്ച് പ്രതീകങ്ങളാണ് നീട്ടിവളര്‍ത്തിയ മുടി, മീശയും താടിയും, കാര എന്നറിയപ്പെടുന്ന മെറ്റല്‍ വള, കച്ചേര എന്ന കോട്ടണ്‍ വസ്ത്രം ഇരുമ്പ് കത്തി എന്നിവ.
Discussion about this post