ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്നിരിക്കുകയാണ് ഉത്തരേന്ത്യ. യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം പ്രളയക്കെടുതിയില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബില്‍ കനത്ത മഴയില്‍ 250 ഗ്രാമങ്ങളിലാണ് വെള്ളംകയറിയിരിക്കുന്നത്. പ്രളയം നേരിടാന്‍ നൂറു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Discussion about this post