ബംഗളൂരു: കര്‍ണാടകത്തില്‍ യദ്യൂരപ്പാ സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ മധു സ്വാമി.
ചൊവ്വാഴ്ച രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. ‘മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു’ എന്നതിനു പകരം ‘മുഖ്യമന്ത്രിയായി’ ആണ് മധു സ്വാമി പ്രതിജ്ഞാവാചകം ചൊല്ലിയത്. നാവു പിഴച്ച മധു സ്വാമിയെ മുഖ്യമന്ത്രി യെദ്യൂരപ്പ പുഞ്ചിരിയോടെ ആലിംഗനം ചെയ്തു. ചൊവ്വാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം.
ജൂലായ് 26-നാണ് ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതിനു ശേഷം 25 ദിവസത്തിനുശേഷമാണ് ചൊവ്വാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്.
വിവാദങ്ങളില്‍ സ്ഥിരം ഉള്‍പ്പെടുന്നവരും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെഎസ് ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷ്, മുന്‍ മന്ത്രി ബി ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടി. 16 മന്ത്രിമാര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്.