യെദ്യൂരപ്പ മന്ത്രി സഭാ വികസനം; ഇടം നേടിയവരില്‍ നിയമ സഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കളും

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.

ബാംഗ്ലൂര്‍: യെദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍, നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. നിയമ സഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ട ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലുമാണ് മന്ത്രി സഭയില്‍ ഇടം നേടിയത്.

2012 ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായവരാണിവര്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.

2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. പോണ്‍ വീഡിയോ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. സംഭവം വിവാദയതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് പ്രസ്തുത വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി പ്രതികരിച്ചത്. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി അന്ന് നല്‍കിയ വിശദീകരണം.

നിരവധി ഘട്ടങ്ങളായുള്ള ചര്‍ച്ചക്കൊടുവിലാണ് യെദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരുടെ കാര്യത്തില്‍ തീരുമാനമായത്. ലിംഗായത്ത് സമുദായത്തിന് ഭൂരിപക്ഷം നല്‍കുന്നതാണ് പുതിയ മന്ത്രിസഭ. പതിനേഴ് മന്ത്രിമാരില്‍ 7 പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണ്.

ജൂലൈ 29നാണ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിച്ചത്. മന്ത്രിസഭ വികസനം ഇത്രയും ദിവസങ്ങളായിട്ടും നടക്കാത്തതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രി സഭാ വികസനം നടക്കാത്തതിന് എതിരെ നിരന്തരം കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

Exit mobile version