ന്യൂഡൽഹി: തീവ്രവാദപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ പേര് ചേർക്കാതിരിക്കാൻ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സംഭവത്തിൽ അന്വേഷണം നടത്താനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായും മൂന്ന് പേരെ സ്ഥലം മാറ്റിയതായും എൻഐഎ വക്താവ് അറിയിച്ചു. നടപടി നേരിട്ടവരിൽ ഒരാൾ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനം ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
ജൂനിയർ റാങ്കിലുള്ളവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥർ. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ തലവനായ ഹാഫിസ് സയീദ് നടത്തിയിരുന്ന ഫലാഹ്-ഇ-ഇൻസാനിയത്ത് എന്ന ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു ഇവർ അന്വേഷിച്ചിരുന്നത്. വ്യവസായിയുടെ ഡൽഹിയിലെ വസതിയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് കേസിൽ പേര് ഉൾപ്പെടുത്താതിരിക്കാനായി ഇവർ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
Discussion about this post