ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ദേശവിരുദ്ധമായ ഉള്ളടക്കം, വ്യാജ വാര്‍ത്തകള്‍, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീലത എന്നിവ തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിലവില്‍ സംവിധാനമില്ലെന്നും ഇതിനാലാണ് സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അറിയിച്ചു.
അതെസമയം സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും സമൂഹമാധ്യമങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Discussion about this post