ഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് റിലയന്‍സിന് പണം നല്‍കിയിട്ടില്ലെന്ന് ദസോ ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍. സംയുക്ത കമ്പനിയിലാണ് പണം നിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റഫാല്‍ ഇടപാടില്‍ മോദിക്ക് വേണ്ടി കള്ളം പറയുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ദസോ സിഇഒ തള്ളി. താന്‍ കള്ളം പറയാറില്ലെന്നും എറിക് പറഞ്ഞു.
യുപിഎ കാലത്ത് പൂര്‍ണമായി നിര്‍മ്മിച്ച് നല്‍കാമെന്നേറ്റ 18 റഫാല്‍ വിമാനങ്ങള്‍ക്കുള്ള ഏതാണ്ട് സമാനമായ വില തന്നെയാണ് 36 വിമാനങ്ങള്‍ക്കും ഉള്ളത്. എണ്ണം ഇരട്ടിയായപ്പോള്‍ വിലയും ഇരട്ടിയായതാണെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായതിനാല്‍ വില 9 ശതമാനം കുറച്ചാണ് നല്‍കിയിരിക്കുന്നതെന്നും, ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയെ കൂട്ടിയത് തങ്ങളാണെന്നും എറിക്ക് പറഞ്ഞു.
തങ്ങള്‍ക്ക് കൊല്ലങ്ങളായിട്ടുള്ള ബന്ധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഇടപാട് 1953 നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴായിരുന്നു, പക്ഷേ താന്‍ കള്ളം പറഞ്ഞെന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വാക്കുകള്‍ നിരാശപ്പെടുത്തുന്നു എന്ന് എറിക്ക് പറഞ്ഞു. ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും ദസോ സിഇഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കി. വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
Discussion about this post