ന്യൂഡൽഹി: മുൻ കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി എംപി സുബ്രമണ്യൻ സ്വാമി. അരുൺ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് അദ്ദേഹം തുറന്നടിച്ചു. കാശ്മീർ വിഷയവും രാജ്യത്തിന്റെ പുരോഗതിയും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായ നടപടി തന്നെയാണെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ദേശീയ സുരക്ഷയും രാഷ്ട്രനിർമ്മാണവും പോലെ തുല്യ പ്രധാന്യം സാമ്പത്തിക രംഗത്തിനുമുണ്ട്. അരുൺ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശ നിരക്ക് ഉയർത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സുബ്രഹ്മണ്യൻ സ്വാമി കുറ്റപ്പെടുത്തി.
പൂണെയിൽ സംസാരിക്കവെയാണ് അദ്ദേഹം ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ചത്. ജെയ്റ്റ്ലിയുടെ കാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങൾ ഇപ്പോഴുമുണ്ട്. ഉയർന്ന നികുതി ചുമത്തുന്നതടക്കമുള്ളവയാണ് മാന്ദ്യത്തിന് കാരണമെന്നാണ് തോന്നുന്നത്. സാമ്പത്തിക രംഗത്ത് തന്റെ ഉപദേശം തേടിയിരുന്നില്ല. അതേ സമയം 370-ാം അനുച്ഛേദം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് താൻ ഉപദേശം നൽകിയിരുന്നു. അത് ശരിയാവുകയും ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post