ബംഗളൂരു: കോൺഗ്രസിൽ നിന്നും പടിയിറങ്ങി ബിജെപിയിലേക്ക് പോയ കർണാടകയിലെ വിമത എംഎൽഎ വാങ്ങിയത് 11 കോടിയിലേറെ വിലവരുന്ന റോൾസ് റോയ്സിന്റെ അത്യാഢംബര കാർ. ഹോസ്കോട്ട് എംഎൽഎ എംടിബി നാഗരാജാണ് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളുടെ ഫാന്റം VIII കാർ സ്വന്തമാക്കിയത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകൂടിയ മോഡലാണിത്. ഈ കാറിൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നതിനനുസരിച്ച് വില ഇനിയും ഉയർന്നേക്കാം. ഈ വാഹനം സ്വന്തമാക്കിയതോടെ രാജ്യത്തെ ശതകോടീശ്വരന്മാരെ പോലും വെട്ടിച്ച് കാറിന്റെ കാര്യത്തിൽ മുമ്പനായിരിക്കുകയാണ് നാഗരാജ്.
കൂറുമാറ്റ നിരോധന നിയമമനുസരിച്ച് കർണാടക സ്പീക്കർ അയോഗ്യത കൽപ്പിച്ച എംഎൽഎയായ നാഗരാജ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പുതിയ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കാണാൻ ഈ കാറിലാണ് എത്തിയത്. കോൺഗ്രസ് നേതാവ് നിവേദിത് ആൽവയാണ് നാഗരാജ് റോൾസ് റോയ്സിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ തന്നെ വിഷയം വലിയ ചർച്ചയായി. എന്നാൽ കോടീശ്വരനായ നാഗരാജ് ആഢംബര കാർ വാങ്ങിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ പക്ഷം.
ഈ വാഹനം സ്വന്തമാക്കുകയെന്നത് തന്റെ ദീർഘനാളത്തെ ആഗ്രമായിരുന്നെന്നാണ് നാഗരാജിന്റെ പക്ഷം. 2013ലെ തെരഞ്ഞെടുപ്പിൽ 470 കോടി രൂപയാണ് തന്റെ ആസ്തിയെന്നാണ് നാഗരാജ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 2018ൽ ഇത് 709 കോടിയും ഭാര്യയുടെ പേരിൽ 306 കോടിയുമായി ഉയർന്നിരുന്നു.
Discussion about this post