ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു. ഞെട്ടിപ്പിച്ച അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായ മകളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഫ്‌ലൈ ഓവറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൂനം സര്‍ദാന എന്ന 38 കാരിയാണു മരിച്ചത്. അപകടത്തില്‍ തലയ്ക്കു പരുക്കേറ്റ് കാഴ്ച നഷ്ടമായ പൂനത്തിന്റെ മകള്‍ ചേതന്യ (13) ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.
കണ്ണ് മാറ്റിവച്ച കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയും പാര്‍ട് ടൈം ജീവനക്കാരിയുമായ ശിവാനി മാലിക് (22) നെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ശിവാനിയും മൂന്നു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മാരുതി എസ് ക്രോസ് കാര്‍ പൂനവും കുടുംബവും സഞ്ചരിച്ചിരുന്ന മഹീന്ദ്ര ക്വാണ്ടോയുടെ മുകളിലേക്ക് പാഞ്ഞു കയറിയാണ് അപകടം.
അമിത വേഗതയില്‍ പാഞ്ഞെത്തിയ മാരുതി എസ് ക്രോസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഡിവൈഡറിനു മുകളിലൂടെ എതിര്‍വശത്തേക്കു പാഞ്ഞു കയറി. തുടര്‍ന്ന് പൂനത്തിന്റെ കാറിലിടിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും തട്ടി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പൂനത്തിന്റെ ഭര്‍ത്താവ് സുധീറും മാരുതി എസ് ക്രോസിലെ യാത്രികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മദ്യപിച്ച് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.