തിരുവനന്തപുരം: എടിഎം കാർഡ് തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് ഉപയോക്താക്കൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ എസ്ബിഐ. ഇനിമുതൽ എടിഎം കാർഡ് ഉപയോഗിച്ചുള്ള വിനിമയങ്ങൾക്ക് കൃത്യമായ സമയ നിയന്ത്രണമുണ്ടായിരിക്കുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനങ്ങൾ ഇനി രാത്രി 11 മുതൽ രാവിലെ ആറുമണിവരെ ലഭിക്കില്ല. എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറയ്ക്കുകയാണ് ഇതുവഴി ബാങ്ക് ലക്ഷ്യമിടുന്നതെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്.
ഒരു ദിവസം നിലവിൽ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. പിന്നീട് തട്ടിപ്പ് പരാതികൾ വ്യാപകമായതോടെ എസ്ബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും തട്ടിപ്പ് നടക്കുന്നതായി പരാതികൾ തുടർന്നു. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ എടിഎം കാർഡ് വഴിയുള്ള ഇടപാട് പൂർണ്ണമായി നിർത്തിയത്. എസ്ബിഐ ഐടി വിഭാഗം ജനറൽ മാനേജർ രാജേഷ് സിക്ക പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാർഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിൻവലിക്കാവുന്ന പരമാവധി തുക പിൻവലിക്കുന്ന രീതി വ്യാപകമായി ശ്രദ്ധയിൽപ്പെടുന്നുവെന്നാണ് വിശദീകരണം. ഇത്തരത്തിൽ ഒന്നിച്ച് പണം പിൻവലിക്കുന്നത് ബാങ്കിന് അസൗകര്യമുണ്ടാക്കുന്നെന്നും ബാങ്ക് പറയുന്നു. പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്ക്രീനിലും ശാഖകളിലും പ്രദർശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്.
Discussion about this post