അയോധ്യ: അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേത്യത്വത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങിയത്.
അയോധ്യയ്ക്കുസമീപം കാര്‍സേവക്പുരത്താണു ക്ഷേത്രനിര്‍മ്മാണത്തിനുള്ള കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണ് തങ്ങള്‍ കല്ലുകള്‍ ഒരുക്കിത്തുടങ്ങിയതെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ വ്യക്തമാക്കി. വര്‍ഷങ്ങളായി പൊടിപിടിച്ചിരിക്കുന്ന കല്ലുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ശരദ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികളും പൂര്‍ത്തിയാക്കിയതായും കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍നിന്നു വൈകാതെ എത്തിക്കുമെന്നും വിഎച്ച്പി വക്താവ് കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിയിലെ വാദം പൂര്‍ത്തിയാകുന്നതോടെ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള പാതയൊരുങ്ങുമെന്നാണു പ്രതീക്ഷ. അതിനാല്‍, കല്ലുകള്‍ ഒരുക്കുന്നതിനുള്ള ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും രാം ജന്മഭൂമി ന്യാസ് തലവന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. നവംബറോടെ വാദം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Discussion about this post