നാഗ്പുർ: സർക്കാർ ഓഫീസുകളിലെ അഴിമതിക്കെതിരെ താക്കീതുമായി കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സർക്കാർ ഓഫീസുകളിലെ അഴിമതിയും ചുവപ്പുനാടയും തുടർന്നാൽ ഉദ്യോഗസ്ഥരെ തല്ലാൻ ജനങ്ങളോടുതന്നെ പറയേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ലഘു ഉദ്യോഗ് ഭാരതി സംഘടനയുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. ഭയപ്പെടാതെ വ്യവസായം വിപുലപ്പെടുത്താൻ കൺവെൻഷനിൽ പങ്കെടുത്ത സംരംഭകരോട് കേന്ദ്രമന്ത്രി നിർദേശിച്ചു.
‘എന്തിനാണ് അനാവശ്യ നടപടികൾ. എന്തിനാണ് കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥർ വ്യവസായ ശാലകളിൽ പരിശോധനയ്ക്ക് എത്തുന്നത്’- അദ്ദേഹം ചോദിച്ചു. ‘നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്നകാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞു. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. എന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്. അവരോട് ഉത്തരം പറയേണ്ടതുണ്ട്. ഉദ്യോഗസ്ഥർ അഴിമതി കാട്ടിയാൽ നിങ്ങൾ കള്ളന്മാരാണെന്ന് എനിക്ക് പറയേണ്ടിവരും.’
ചില പ്രശ്നങ്ങൾ എട്ടു ദിവസത്തിനകം പരിഹരിക്കണമെന്ന കർശന നിർദേശം യോഗത്തിൽ നൽകിയെന്നും അല്ലാത്തപക്ഷം നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദ്ദിക്കാനും ജനങ്ങളോട് പറയേണ്ടിവരുമെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post