ഡെറാഡൂണ്‍ :കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം.മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവിടെ മഴ ശക്തമായത്. ഉത്തരകാശി ജില്ലയിലെ മോരി തെഹ്‌സില്‍ മേഖലയില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു.
ഇവിടെ എന്‍ഡിആര്‍ഫ്, സംസ്ഥാന ദ്രുതകര്‍മ്മസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേന തുടങ്ങിയവയെ വിന്യസിച്ചതായി ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മേഖലയിലെ റോഡുകളെല്ലാം മുങ്ങിപ്പോയി. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്.
പലയിടങ്ങളിലായി നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഴ ശക്തിയാര്‍ജ്ജിച്ചതോടെ ടോണ്‍സ് നദി കരകവിഞ്ഞു. ഇതോടെ ടികോച്ചി, ടുണി മാര്‍ക്കറ്റുകളും, സമീപ പ്രദേശങ്ങളും പ്രളയഭീതിയിലാണ്.