ഇന്‍ഡോര്‍: സ്വകാര്യ ആശുപത്രിയില്‍ തിമിര ശാസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ഒമ്പതിനായിരുന്നു ഇന്‍ഡോറിലെ കണ്ണാശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടന്നത്.
ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാംപില്‍ വെച്ചായിരുന്നു 50നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്. ഇവര്‍ക്ക് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇന്‍ഡോര്‍, ധാര്‍ ജില്ലകളില്‍ നിന്നായി 15 രോഗികളാണ് ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി ഇന്‍ഡോര്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ചൊറിച്ചിലും നീര്‍ക്കെട്ടും ഉണ്ടായി. പിന്നീട് 11പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി 50,000 രൂപ അനുവദിച്ചു. കാഴ്ച വീണ്ടെടുക്കാനാകുമോ എന്നന്വേഷിച്ച് 11 പേരെയും പ്രീമിയം ചൈത്രം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍ കാഴ്ച നഷ്ടപ്പെടാന്‍ കാരണം ശസ്ത്രക്രിയയായിരുന്നില്ലെന്നും അണുബാധയാണെന്നും ഇന്‍ഡോര്‍ ആശുപത്രിയിലെ മുതിര്‍ന്ന സര്ജന് സുധീര്‍ മഹാശബ്ദം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. 2010ലും ഇതേ ആശുപത്രിയില്‍ സമാനസംഭവം നടന്നിരുന്നു. അന്ന് 15 പേര്‍ക്കാണ് കാഴ്ച നഷ്ടമായത്.
Discussion about this post