ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയ ബില്ലവതരിപ്പിക്കാനായി ജമ്മു കാശ്മീരിൽ കേന്ദ്രം നടപ്പാക്കിയ കടുത്ത നടപടികളിൽ ഇളവ് വരുത്തുന്നു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ ഇന്നലെ അറിയിച്ചതിനു പിന്നാലെ, അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു.
ജമ്മു, സാംബ, കത്വ, ഉധംപുർ, റെയ്സി എന്നീ ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചത്. പതിനേഴ് ടെലിഫോൺ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും.
പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയും ശക്തമാക്കാൻ സർക്കാർ നീക്കം തുടങ്ങി.
Discussion about this post