ഹൈദരാബാദ്: വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി വേണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് തെലങ്കാന വിവരാവകാശ കമ്മീഷന്‍. വിചിത്ര നിലപാടില്‍ അമ്പരന്ന് ഇരിക്കുകയാണ് സേരുപള്ളി രാജേഷ് എന്ന വിവരാവകാശ പ്രവര്‍ത്തകന്‍. മഴയുടെ അളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആര്‍ടിഐ ഫയല്‍ ചെയ്തപ്പോഴാണ് ഈ വിചിത്ര അനുഭവം ഉണ്ടായതെന്ന് രാജേഷ് പറയുന്നു. ഇതിന് മുന്‍പും പല ആവശ്യങ്ങള്‍ക്കുമായി ആര്‍ടിഐ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് രാജേഷ് തുറന്ന് പറഞ്ഞു.
‘ജൂണ്‍ മാസത്തിലാണ് ഞാന്‍ ആര്‍ടിഐ സമര്‍പ്പിച്ചത്. ഒരു സര്‍വേയുടെ ആവശ്യത്തിനായി നിസാമാബാദ് ജില്ലയില്‍ പെയ്ത മഴയുടെ അളവ് എത്രയാണെന്നായിരുന്നു ചോദ്യം. 2018 ജൂണ്‍ ഒന്ന് മുതല്‍ 2019 മേയ് 31 വരെയുള്ള കണക്കായിരുന്നു ആവശ്യം’ രാജേഷ് വ്യക്തമാക്കി.
നിസാമാബാദ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ക്ക് മുന്നിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തെലങ്കാന വികസനാസൂത്രണ സൊസൈറ്റി നല്‍കിയ മറുപടിയില്‍ 2031960 രൂപ വിവരങ്ങള്‍ക്കായി നല്‍കണമെന്നാണുള്ളത്. ജിഎസ്ടി അടക്കമുള്ള രൂപയാണ് മറുപടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് രാജേഷ് കൂട്ടിച്ചേര്‍ത്തു.