ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യ വകുപ്പ്മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില വഷളായതിനാൽ ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ തുടരുകയാണ്. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ ജെയ്റ്റ്‌ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്ര ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഹർഷവർധനും എയിംസിലെത്തി ജെയ്റ്റ്‌ലിയെ സന്ദർശിച്ചു.
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.
ആദ്യ മോഡി സർക്കാരിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റ്‌ലി ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് രണ്ടാം മോഡി സർക്കാരിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ഉൾപ്പടെയുള്ള ഒട്ടേറെ ചർച്ച ചെയ്ത പദ്ധതികൾ നടപ്പിലാക്കിയത് അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലായിരുന്നു.
Discussion about this post