ന്യൂഡല്‍ഹി: ആര്‍ത്തവം അശുദ്ധിയാണോ എന്നത് സ്ത്രീകളുടെ വ്യക്തിപരമായ കാര്യമാണെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹി കേരളഹൗസില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിശ്വാസത്തിന്റെ ഭാഗമായി ആര്‍ത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ബൃന്ദ കാരാട്ട് ചൂണ്ടികാട്ടി.
ശബരിമല വിഷയത്തില്‍ ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ അര്‍ഥവത്താണ്. മുലക്കരം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവര്‍ കേരള സമര ചരിത്രത്തിന്റെ ഭാഗമായുണ്ടെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു. അനീതികള്‍ക്കെതിരെ പൊരുതുമ്പോള്‍ ആ പാരമ്പര്യമാണ് നമ്മള് മുറുകെപ്പിടിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീയുടെ സാന്നിധ്യം കൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിനോയ് വിശ്വം എംപി പറഞ്ഞു.
Discussion about this post