‘ബീഫും പോര്‍ക്കും വിതരണം ചെയ്യില്ല, ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു’ പെരുന്നാള്‍ ദിനത്തില്‍ സമരത്തിനൊരുങ്ങി സൊമാറ്റോയിലെ ഭക്ഷണവിതരണക്കാര്‍

നേരത്തെ സൊമാറ്റോയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങളും ഉടലെടുത്തിരുന്നു.

കൊല്‍ക്കത്ത: പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച സമരത്തിന് ഒരുങ്ങി സൊമാറ്റോയിലെ ഭക്ഷണ വിതരണക്കാര്‍. ബീഫ്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പരാതി. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാര്‍ പറയുന്നത്. സമരത്തില്‍ ഹിന്ദു, മുസ്ലിം മതവിഭാഗത്തിലുള്ളവരും പങ്കെടുക്കും.

‘ഈയടുത്ത് ചില മുസ്ലിം റെസ്റ്റോറന്റുകള്‍ സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. ഞങ്ങള്‍ക്കിടയിലെ ഹിന്ദു മതത്തില്‍ പെട്ട വിതരണക്കാര്‍ അവിടെനിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു. പിന്നീട് മുസ്ലിം തൊഴിലാളികളോട് പോര്‍ക്ക് വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങള്‍ക്ക് മെഡിക്കല്‍ സംരക്ഷണങ്ങളും ലഭിക്കുന്നില്ല. ഇരു മതത്തില്‍ ഉള്ളവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കമ്പനിക്ക് എല്ലാം അറിയാം, എന്നാല്‍ ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുക മാത്രമാണ് കമ്പനി ചെയ്തതെന്നും മൗസിന്‍ അക്തര്‍ എന്ന ജീവനക്കാരന്‍ പറയുന്നു.

നേരത്തെ സൊമാറ്റോയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. അതും മതപരമായി തന്നെയായിരുന്നു വിവാദം. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവന്നതിന്റെ പേരില്‍ ഭക്ഷണം ഉപഭോക്താവ് ക്യാന്‍സല്‍ ചെയ്തതാണ് വിവാദത്തില്‍ കലാശിച്ചത്. ഉപഭോക്താവിന് തക്കതായ മറുപടിയും സൊമാറ്റോ നല്‍കിയിരുന്നു. സംഭവത്തില്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സും സമൂഹമാധ്യമങ്ങളും രംഗത്ത് വന്നിരുന്നു.

Exit mobile version