ന്യൂഡൽഹി: മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു. എഐസിസി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നേതാക്കളുടെ അഭ്യർത്ഥന രാഹുൽ വീണ്ടും നിരസിച്ചതോടെ സോണിയയെ ഇടക്കാല അധ്യക്ഷയായി തീരുമാനിക്കുകയായിരുന്നു. രാജി പിൻവലിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ രാഹുൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ വൈകുന്നതിൽ ക്ഷുഭിതനായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഈ തീരുമാനം കോൺഗ്രസിൽ അധികാരം നെഹ്റു കുടുംബത്തിലേക്ക് ഒതുങ്ങുന്നതിന്റെ തുടർച്ചയാണെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു. നാടകീയ നീക്കങ്ങൾക്കിടെയാണ് സോണിയയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത് അതുകൊണ്ടു തന്നെ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റൺ എന്ന ചോദ്യവും ഉയരുന്നു. എങ്കിലും നേതൃത്വമില്ലാതെ പ്രതിസന്ധിയിലായ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് ഈ വാർത്ത.
ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. പിന്നീട് ആടിയുലഞ്ഞ കോൺഗ്രസിൽ നിന്നും രാജ്യസഭാ വിപ്പ് ഉൾപ്പടെ കൊഴിഞ്ഞുപോയി. പാർലമെന്റിൽ പ്രധാന ബില്ലുകളിൽ ആശയക്കുഴപ്പമുണ്ടായത് പാർട്ടിക്ക് തന്നെ നാണക്കേടായി.
കോൺഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പിലും നാടകീയത പ്രതിഫലിച്ചു. കാശ്മീർ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തുന്നു, അവിടെ ആളുകൾ മരിക്കുന്നു എന്ന റിപ്പോർട്ട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചർച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചർച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു. പ്രിയങ്ക ഗാന്ധി എടുത്ത നിലപാടാണ് നിർണ്ണയാകമായതെന്നാണ് സൂചന.