ന്യൂഡൽഹി: ആർട്ടിക്കൾ 370 റദ്ദാക്കിയും കാശ്മീർ വിഭജിച്ചും നേതാക്കളേയും ജനങ്ങളേയും തടവിലാക്കിയും നടപടിയെടുത്ത കേന്ദ്ര സർക്കാർ ജമ്മു കാശ്മീർ ശാന്തമാണെന്ന് കാണിക്കാൻ വീഡിയോ പുറത്തുവിട്ടു. സുരക്ഷാ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ കാശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സിആർപിഎഫ് ജവാന്മാരുമായി ഇടപഴകുന്നതിന്റെയും പ്രദേശത്തെ ജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റേയും വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വീഡിയോയെ സംബന്ധിച്ച കേന്ദ്രത്തിന്റെ അവകാശവാദങ്ങൾക്കെിരെ സോഷ്യൽമീഡിയ രംഗത്തെത്തി. നിരവധി സംശയങ്ങളാണ് വീഡിയോയ്ക്കെതിരെ ഉയരുന്നത്.
വീഡിയോയിലെ ഭക്ഷണം കഴിക്കൽ വിജനമായ സ്ഥലത്തെ റോഡരികിലാണ്. അടച്ചിട്ട കടകൾക്ക് മുമ്പിലിരുന്ന് പാഴ്സലായി എത്തിച്ച ഭക്ഷണം കഴിക്കുന്ന വീഡിയോയെ വിശ്വാസത്തിലെടുക്കാൻ ആരും തയ്യാറായിട്ടില്ല. റോഡുകൾ വിജനമാണ്. വീഡിയോയിൽ സംസാരിക്കുന്ന ഏതാനും പേരല്ലാതെ മറ്റാരെയും കാണാനില്ല. ചിത്രം എടുത്തിരിക്കുന്നത് കാശ്മീരിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശമായ ഷോപിയാനിൽ നിന്നാണ്. ഈ പ്രദേശം പോലും ശാന്തമാണെന്ന് കാണിക്കാനാണ് വീഡിയോയിലൂടെ സർക്കാർ ശ്രമിക്കുന്നത്.
ശാന്തമായ അന്തരീക്ഷമാണ് കാശ്മീരിലെങ്കിൽ തടവിലാക്കിയിരിക്കുന്ന നേതാക്കളേയും ജനങ്ങളേയും മോചിപ്പിക്കാത്തത് എന്താണെന്നും വാർത്താ വിനിമയ സംവിധാനങ്ങൾ എന്തുകൊണ്ടാണ് പുനഃസ്ഥാപിക്കാത്തതെന്നും സാമൂഹ മാധ്യമങ്ങൾ ചോദ്യം ചെയ്യുന്നു. മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങി നാനൂറോളം നേതാക്കൾ അറസ്റ്റിലാണ്. ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജ്ജാദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. മറ്റുള്ള നേതാക്കളെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത നേതാക്കളെ ശ്രീനഗറിലെ ഹരി നിവാസിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, ഈദ് ആഘോഷിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കശ്മീരിൽ ചെയ്തിട്ടുണ്ടെന്ന് ഗവർണർ സത്യപാൽ നായിക് പറഞ്ഞിരുന്നു. റേഷൻ ഷോപ്പുകൾ, പലചരക്ക്, മെഡിസിൻ സ്റ്റോറുകൾ എന്നിവ ഈ അവസരത്തിൽ തുറന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാംസക്കടകളും സ്ഥാപിക്കുമെന്നും ഗവർണർ സത്യപാൽ മാലിക്ക് അറിയിച്ചു.
WATCH | National Security Advisor Ajit Doval interacts, shares a meal with locals in #JammuAndKashmir. pic.twitter.com/XnAp9MutAF
— NDTV (@ndtv) August 7, 2019
Discussion about this post