കനത്തമഴയിൽ കുടുങ്ങിയവർക്ക് താങ്ങായി അരുണ

ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ കോട്ട്വാലയിലെ ഇൻസ്‌പെക്ടർ അരുണ റോയിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം.

ബുലന്ദ്ഷഹർ: ചേയ്‌സ് ചെയ്ത് പ്രതികളെ പിടികൂടുക മാത്രമല്ല, കനത്തമഴയിൽ കേടായ കാറ് തള്ളി നീക്കി ഗതാഗതമൊരുക്കാനും ജനങ്ങളെ രക്ഷിക്കാനും മുന്നിട്ടിറങ്ങി മാതൃകയായി ഈ പോലീസുകാരി. ക്യാമറയ്ക്ക് മുന്നിൽ സിനിമാതാരങ്ങൾ കാഴ്ചവെയ്ക്കുന്ന പ്രകടനത്തേക്കാൾ വെല്ലുന്ന ആക്ഷൻ പ്രവർത്തികളാണ് റിയൽലൈഫിൽ ഈ ലേഡി സിങ്കം കാഴ്ചവെയ്ക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കോട്ട്വാലയിലെ ഇൻസ്‌പെക്ടർ അരുണ റോയിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ലേഡി സിങ്കം എന്ന് സോഷ്യൽ മീഡിയ സ്‌നേഹത്തോടെ വിളിക്കുന്ന അവരുടെ രക്ഷാപ്രവർത്തനങ്ങൾ വലിയ ചർച്ചയാവുകയാണ്.

കനത്ത മഴയിൽ കുടുങ്ങിപ്പോയവർക്കാണ് ഇൻസ്‌പെക്ടർ അരുണയും സംഘവും രക്ഷകരായത്. മഴയിൽ കടപുഴകി വീണ മരത്തിനടിയിൽ നിന്നും മൂന്ന് പേരെ അവർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ അരുണ ഗതാഗത തടസം സൃഷ്ടിച്ച കാർ തള്ളി നീക്കുന്നതിനും നാട്ടുകാർക്കൊപ്പം കൂടി.

മഴദിവസങ്ങളിൽ നിങ്ങളുടെ ഒരു ഫോൺ കോളിനപ്പുറത്തുണ്ട് എന്ന തലക്കെട്ടോടെ യുപി പോലീസാണ് രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. ജനങ്ങൾക്കായി സ്വന്തം ജീവൻ പണയം വെച്ചും പ്രവർത്തിച്ച ലേഡി സിങ്കത്തെയും സംഘത്തെസമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ മേയ് മാസത്തിലാണ്‌ പിടികിട്ടാപ്പുള്ളിയായിരുന്ന പാലിയയെ അവർ ഓടിച്ചിട്ട് പിടിച്ചത്. പതിവ് പോലെ വാഹനപരിശോധനയ്ക്കിറങ്ങിയ അരുണയെ കാറിനുള്ളിൽ ഇരുന്ന് ഇയാൾ ആക്രമിച്ചു. ഇതോടെയാണ് തിരക്കേറിയ റോഡിൽ പാലിയയെ ചേസ് ചെയ്ത് അരുണ പിടികൂടിയത്. ഈ സംഭവത്തോടെയാണ് അരുണയെ സോഷ്യൽമീഡിയ ശ്രദ്ധിച്ചു തുടങ്ങുന്നത്.

Exit mobile version