ഹൃദയം തകര്‍ന്ന് ‘ഇന്ത്യയുടെ മകള്‍’; അമ്മയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി നല്‍കി ഗീത

ഭോപ്പാല്‍: തന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് കരുതലേകിയ ആ കൈകള്‍ നിശ്ചലമായെന്ന് അറിഞ്ഞതുമുതല്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് ‘ഇന്ത്യയുടെ മകള്‍’. സുഷമയുടെ വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ ഫോട്ടോയും കൈയിലേന്തി ടിവിയില്‍ കണ്ണുംനട്ട് ഗീത ഇരുന്നു. അമ്മയെ പോലെ തന്നെയായിരുന്നു ഗീതയ്ക്ക് സുഷമ സ്വരാജ്. തന്റെ ഭാഷയില്‍ നിറകണ്ണുകളോടെ അവള്‍ അമ്മയ്ക്ക് യാത്രാമൊഴി നേര്‍ന്നു.

ചെറുപ്രായത്തില്‍ കൂട്ടം തെറ്റി പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ബധിരയും മൂകയുമായ ഗീതയ്ക്ക് പുതുജീവന്‍ നല്‍കിയത് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജായിരുന്നു.

ഏഴുവയസ്സുള്ളപ്പോഴാണ് ബധിരയും മൂകയുമായ ഗീത അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയത്. അവിടുന്ന് പോലീസിന്റെ പിടിയിലായ ഗീത തുടര്‍ന്ന് 15 വര്‍ഷക്കാലം കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്റെ സംരക്ഷണത്തിലായിരുന്നു.

2015 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗീത ഇന്ത്യയില്‍ എത്തുന്നത്. തിരികെ എത്തിയ ഗീതയ്ക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല.

മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ എത്തിയെങ്കിലും ആരേയും അവള്‍ തിരിച്ചറിഞ്ഞില്ല. അന്നും ഒരു അമ്മയുടേത് എന്ന പോലെ ധൈര്യം നല്‍കി അവളോടൊപ്പം നില്‍ക്കാന്‍ സുഷമ ഉണ്ടായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ഗീതയെ ഇന്‍ഡോറില്‍ പാര്‍പ്പിച്ചു. ഏതെങ്കിലും അപരിചിതരെയോ മാധ്യമങ്ങളെയോ കാണാന്‍ ഗീതയെ അനുവദിച്ചില്ല.

ബധിരരായ കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ അവള്‍ക്ക് പഠനസൗകര്യവുമൊരുക്കി. അവള്‍ തനിച്ചാവരുതെന്ന് സുഷമയ്ക്ക് നിര്‍ബന്ധമണ്ടായിരുന്നു. അതിനായി സുഷമ സ്വരാജ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടി കാഴ്ചയില്‍ ഗീതയുടെ വിവാഹ കാര്യം പ്രഖ്യാപിച്ചത്.

എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നു. ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം. വിവാഹം കഴിക്കുന്ന വരന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കും. എന്നാല്‍ ഇതിനായി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരേണ്ടെന്നും സുഷമ സ്വരാജ് കര്‍ക്കശ നിലപാടെടുത്തു. രോഗബാധിതയായപ്പോഴും ഗീതയെ കുറിച്ചോര്‍ത്ത് വിഷമിച്ചിരുന്നു അവര്‍.

Exit mobile version